ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലായിട്ട് ഒമ്പത് ദിവസം പിന്നിടുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇതുവരെ എം.എൽ.എയെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ അറസ്റ്റ് തടയുന്നതിനായി മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
രണ്ടാമത്തെ കേസിലെ അന്വേഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലായിരിക്കും ഇനി അന്വേഷണം നടക്കുക. പരാതിക്കാരിയുടെ മൊഴി അന്വേഷണസംഘം ഉടൻ രേഖപ്പെടുത്തും. വിവാഹവാഗ്ദാനം നൽകി റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. കാറിൽ വെച്ച് ക്രൂരമായി ഉപദ്രവിച്ചുവെന്നും പരാതിയിലുണ്ട്. ഈ സമയം കാർ ഓടിച്ചിരുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഫെന്നി നൈനാൻ ആയിരുന്നുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് കോയമ്പത്തൂർ, പൊള്ളാച്ചി വഴി ബെംഗളൂരുവിലേക്കും അവിടെ നിന്ന് സുള്ളിയ ഭാഗത്തേക്കും കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കാസർകോട്-കർണാടക അതിർത്തിയായ സുള്ളിയയിലും കാഞ്ഞങ്ങാട് കോടതി പരിസരത്തും പൊലീസ് പരിശോധന നടത്തിയിരുന്നു. രാഹുൽ കോടതിയിൽ കീഴടങ്ങിയേക്കും എന്ന സൂചനയെത്തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നെങ്കിലും എം.എൽ.എ എത്തിയില്ല.
തുടർച്ചയായ ഒമ്പതാം ദിവസവും പ്രതിയെ പിടികൂടാനാകാത്തത് പൊലീസിന് വലിയ നാണക്കേടായിരിക്കുകയാണ്. മൊബൈൽ ടവർ ലൊക്കേഷനുകളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, സമാനമായ കേസുകളിൽ സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവരുടെ ജാമ്യഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്.