Share this Article
News Malayalam 24x7
വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സാക്ഷികളെ നിരത്തി രാഹുൽ ഗാന്ധി
Rahul Gandhi

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മോദി സർക്കാരിനുമെതിരെ വീണ്ടും വോട്ട് കൊള്ള ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിക്കും സംഘപരിവാറിനും അനുകൂലമായി വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടത്തിയെന്ന് രാഹുല്‍ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതിനായി കോൺഗ്രസിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കി. വോട്ട് കൊള്ള നടത്തുന്നവരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സംരക്ഷിക്കുകയാണ് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലും, മഹാരാഷ്ട്രയിലെ രജൗരി മണ്ഡലത്തിലും വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. അലന്ദ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് അനികൂലമായ 6018 വോട്ടര്‍മാരെ ഒഴിവാക്കിയെന്നും, രജൗരിയിലും ആറായിരത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വ്യാജ ലോഗിനുകള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ കൂട്ടത്തോടെ നീക്കിയെന്നും കര്‍ണാടകയ്ക്ക് പുറത്ത് നിന്നുള്ള കോള്‍ സെന്ററുകള്‍ വഴിയാണ് വോട്ടുകള്‍ ഒഴിവാക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. 

വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ ഉപയോഗിച്ച സെല്‍ഫോണ്‍ നമ്പറുകള്‍ രാഹുല്‍ ഗാന്ധി പങ്കുവെച്ചു. അവ കര്‍ണാടകയില്‍ നിന്നുള്ളതല്ലെന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സ്ലൈഡുകള്‍ പിന്നിലെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. തെളിവായി കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍നിന്ന് സാക്ഷികളെയും രാഹുല്‍ ഗാന്ധി ഹാജരാക്കി. മറ്റുള്ളവരുടെ വോട്ടുകള്‍ ഒഴിവാക്കാന്‍ തങ്ങളുടെ പേരുകള്‍ ആരോ ഉപയോഗിച്ചുവെന്ന് ഗോദാഭായി, സൂര്യകാന്ത് എന്നിവര്‍ പറഞ്ഞു. 

ബീഹാറില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ഹൈഡ്രജന്‍ ബോംബ് വരാനുണ്ടെന്നും നിങ്ങള്‍ കാത്തിരിക്കൂവെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആ ഹൈഡ്രജന്‍ ബോംബ് വരുന്നതേയുള്ളൂവെന്ന് പറഞ്ഞായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം തുടങ്ങിയത്



  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories