മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടോർ വാഹന വകുപ്പ് (MVD) ഉദ്യോഗസ്ഥനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. കാക്കനാട് AMVI ബിനുവിനെതിരെയാണ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
രാത്രി 10:15-ഓടെ ബിനു സ്വന്തം വാഹനത്തിൽ യൂണിഫോം ഇല്ലാതെ യാത്ര ചെയ്യുകയായിരുന്നു. തോപ്പുംപടി ജംഗ്ഷനിൽ വെച്ച് വാഹനത്തിൽ മീൻ വിൽക്കുകയായിരുന്ന ഒരു ദമ്പതികളെ ചോദ്യം ചെയ്യുകയും, വാഹനം റോഡിൽ വെച്ച് മീൻ വിൽക്കാൻ പാടില്ല എന്ന് പറഞ്ഞ് 5000 രൂപ പിഴ ആവശ്യപ്പെടുകയും ചെയ്തു.
ദമ്പതികൾ മാപ്പ് പറഞ്ഞെങ്കിലും പിഴയിൽ നിന്ന് ഒഴിവാക്കാൻ ബിനു തയ്യാറായില്ല. ഈ സമയത്ത് നാട്ടുകാർ ഇടപെടുകയും ബിനു മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് നാട്ടുകാർ തൃക്കാക്കര പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ബിനു മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
ബിനു ഡ്യൂട്ടിയിലായിരുന്നോ, യൂണിഫോം ധരിക്കാതിരുന്നത് എന്തുകൊണ്ട്, എന്തിനാണ് പിഴ ആവശ്യപ്പെട്ടത് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല. ഇയാൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.