കേരളത്തിൽ നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള ബാക്കി എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ യെല്ലോ മുന്നറിയിപ്പ് തുടരും. ഈ മാസം 25 നുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കന്യാകുമാരി മേഖല, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിൽ കാലവർഷം വ്യാപിച്ചു കഴിഞ്ഞു. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക ഗോവ തീരത്തിനു മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു. ഇനി രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം പ്രതീക്ഷിക്കാം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാധ്യതയും കാലവർഷത്തെ സ്വാധീനിക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.