ബിഗ് ബോസ് മലയാളം സീസൺ 6 വിജയിയായ ജിന്റോയ്ക്കെതിരെ മോഷണക്കുറ്റത്തിന് കേസ്. എറണാകുളം വെണ്ണലയിലെ ബോഡി ബിൽഡിംഗ് സെന്ററിൽ അതിക്രമിച്ച് കയറി പതിനായിരം രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചുവെന്നാണ് പരാതി. സ്ഥാപനത്തിന്റെ നടത്തിപ്പുകാരി നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു.
വെണ്ണലയിലെ 'ജിന്റോ ബോഡിക്രാഫ്റ്റ്' എന്ന ജിമ്മിൽ ഓഗസ്റ്റ് 18-ന് പുലർച്ചെ 1:50-ഓടെയാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. ജിന്റോ ജിമ്മിൽ അതിക്രമിച്ച് കയറി സിസിടിവി ക്യാമറകൾ നശിപ്പിക്കാൻ ശ്രമിക്കുകയും തുടർന്ന് ഓഫീസിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തിലധികം രൂപയും സ്ഥാപനവുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകളും മോഷ്ടിക്കുകയുമായിരുന്നു.
ജിന്റോ ജിമ്മിൽ പ്രവേശിക്കുന്നതിന്റെയും മോഷണം നടത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് യുവതി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
നേരത്തെ ജിന്റോയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ ജിംനേഷ്യം ഒരു വർഷത്തേക്ക് പരാതിക്കാരിക്ക് ലീസ് നൽകിയിരുന്നു. എന്നാൽ, കരാർ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ജിം നടത്തിപ്പുകാരിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ജിന്റോയ്ക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മോഷണക്കുറ്റത്തിന് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.