പമ്പാ തീരത്ത് സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരിപാടി നടക്കുന്നതെന്നും ദേവസ്വം ബോർഡ് ഫണ്ട് ഇതിനായി ഉപയോഗിക്കരുതെന്നും ഹർജിയിൽ പറയുന്നു. അയ്യപ്പഭക്തനായ ഡോ. പി.എസ്. മഹേന്ദ്രകുമാറാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹർജിയിലെ പ്രധാന ആരോപണങ്ങൾ:
പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിയാണ്.
ദേവസ്വം ബോർഡിന്റെ ഫണ്ട് ഈ പരിപാടിക്കായി ഉപയോഗിക്കാൻ പാടില്ല.
ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വ സങ്കൽപ്പത്തിന് വിരുദ്ധമായി ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഒരു സംസ്ഥാന സർക്കാരിനും കഴിയില്ല.
പരിപാടി നടക്കുന്ന പമ്പാ തീരം അതിലോലമായ പരിസ്ഥിതി മേഖലയാണ്. ഇവിടെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കരുതെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്. സർക്കാർ ഈ പരിപാടിക്കായി പണം ചെലവഴിക്കുന്നില്ലെന്നും സ്പോൺസർമാർ വഴിയാണ് പണം കണ്ടെത്തുന്നത് എന്നും ഹൈക്കോടതിയിൽ നേരത്തെ വ്യക്തമാക്കിയതാണ്. ഹൈക്കോടതിയിൽ കേസ് പരിഗണിച്ച ഘട്ടത്തിൽ, ദേവസ്വം ബോർഡിനെ മറയാക്കിയാണ് സർക്കാർ ഈ പരിപാടി നടത്തുന്നതെന്ന വാദമാണ് ഹർജിക്കാരൻ ഉയർത്തിയത്. ഹർജി നാളെത്തന്നെ സുപ്രീം കോടതി പരിഗണിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.