Share this Article
News Malayalam 24x7
ചിത്രം മാറ്റില്ല' 'എന്തു തരം ചിന്താഗതിയാണ് ഇതെന്ന് എനിക്കറിയില്ല'; മന്ത്രിമാർക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ
വെബ് ടീം
posted on 05-06-2025
1 min read
GOVERNOR

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മന്ത്രിമാര്‍ പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ ഗവര്‍ണര്‍ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. ചിത്രം രാജ്ഭവനില്‍നിന്ന് മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിന്റെ അടയാളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.മന്ത്രിമാര്‍ക്കു വരാന്‍ കഴിയാത്ത എന്തു സാഹചര്യമാണുള്ളതെന്നും ഗവര്‍ണര്‍ ചോദിച്ചു. ‘‘വിദ്യാഭ്യാസമന്ത്രി എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. അദ്ദേഹത്തിനു വരാന്‍ പറ്റാത്തതിനാല്‍ കൃഷി മന്ത്രി വരുമെന്ന് പറഞ്ഞു. എന്നാല്‍ വേദിയില്‍നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റണമെന്നാണ് കൃഷി മന്ത്രി ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നു മറുപടി നല്‍കി.

മാതൃഭൂമിയെ മാറ്റാന്‍ കഴിയില്ല. ഇത്തരം ആദര്‍ശങ്ങള്‍ക്കു വേണ്ടിയാണ് നമ്മള്‍ ജീവിക്കുന്നത്. ചിത്രം മാറ്റാന്‍ പറ്റില്ലെന്നു പറഞ്ഞതുകൊണ്ടാകാം രണ്ടു മന്ത്രിമാരും വരാതിരുന്നത്. എന്തു തരം ചിന്താഗതിയാണ് ഇതെന്ന് എനിക്കറിയില്ല.’’ - ഗവര്‍ണര്‍ പറഞ്ഞു.

മന്ത്രി എത്താതെ രാജ്ഭവന്‍ സ്വന്തം നിലയ്ക്കു നടത്തിയ പരിസ്ഥിതി ദിനാഘോഷം ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ നിലവിളക്കു കൊളുത്തിയാണ് ഗവര്‍ണര്‍ ആരംഭിച്ചത്. തുടര്‍ന്ന് ചിത്രത്തില്‍ പുഷ്പാര്‍ചന നടത്തുകയും ചെയ്തു. ചടങ്ങിന്റെ ചിത്രങ്ങള്‍ രാജ്ഭവന്‍ പുറത്തുവിട്ടു. ആര്‍എസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടിപിടിച്ച ഭാരതാംബയുടെ ചിത്രമാണ് രാജ്ഭവനില്‍ വച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ പരിപാടിയില്‍ അത്തരം ചിത്രം ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൃഷിമന്ത്രി പി.പ്രസാദ് പരിപാടി ബഹിഷ്‌കരിച്ചത്. മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് കൃഷിവകുപ്പിന്റെ പരിപാടി രാജ്ഭവനില്‍നിന്ന് സെക്രട്ടേറിയറ്റിലേക്കു മാറ്റിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പ്രസാദിന്റെ നടപടിയെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും രംഗത്തെത്തിയിരുന്നു. അന്തസുള്ള നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories