മുംബൈ: നീറ്റ് മോക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞെന്ന് ആരോപിച്ച് അച്ഛൻ മകളെ തല്ലിക്കൊന്നതായി റിപ്പോർട്ട്.നടുക്കുന്ന സംഭവം മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ സാംഗ്ലി സ്വദേശിയായ സാധന ഭോൺസ്ലെയാണ് കൊല്ലപ്പെട്ടത്. പ്രതിയായ സാധനയുടെ അച്ൻ ധോണ്ടിറാം ഭോൺസ്ലെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞെട്ടിക്കുന്നത് പ്രതിയായ ധോണ്ടിറാം സ്കൂൾ അധ്യാപകനാണ്എന്നതാണ് .
പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 92.60 ശതമാനം മാർക്ക് സാധന നേടിയിരുന്നു. തുടർന്ന് മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) വേണ്ടി തയ്യാറെടുക്കുകയായിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എഴുതിയ മോക്ക് പരീക്ഷയിൽ കുറവ് മാർക്കാണ് സാധനയ്ക്ക് ലഭിച്ചത്. ഇതേതുടർന്ന് പ്രകോപിതനായ ധോണ്ടിറാം മകളെ ക്രൂരമായി തല്ലി പരിക്കേൽപ്പിച്ചു. ദേഷ്യത്തിൽ അയാൾ മകളെ വടികൊണ്ട് പലതവണ അടിച്ചതായി സാധനയുടെ അമ്മ പറഞ്ഞു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ സാധനയെ സാംഗ്ലിയിലെ ഉഷകൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ആശുപത്രിയിൽ ചികിത്സയിലിരിക്കെ സാധന മരിച്ചു. ഞായറാഴ്ച സാധനയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.