ഗൊരഖ്‌പുർ: മലയാളി ഡോക്ടറെ ഉത്തർ പ്രദേശിലെ ഗൊരഖ്‌പുരിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ഗൊരഖ്‌പുർ ബിആർഡി മെഡിക്കൽ കോളജിലെ പിജി മൂന്നാം വർഷ വിദ്യാർഥിയായിരുന്നു. ഹോസ്റ്റൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് ബന്ധുക്കളെ അറിയിച്ചത്.
ബിആർഡി മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ മുറിയിൽ രാവിലെ ഒരു സ്റ്റാഫ് അദ്ദേഹത്തെ പരിശോധിക്കാൻ എത്തിയപ്പോഴാണ് ഡോ. അഭിഷോ ഡേവിഡിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും അനസ്തേഷ്യ വിഭാഗത്തിൽ ജൂനിയർ റസിഡന്റ് ഡോക്ടറുമായിരുന്നു ഡോക്ടർ. അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്നാണ് ആശുപത്രി അധികൃതർ താമസ സ്ഥലത്തെത്തിയത്. മുറി പൂട്ടിയ നിലയിലായിരുന്നു. മുറിയുടെ പൂട്ടു തകർത്ത് അകത്തു കയറിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിൽ മരണകാരണം വ്യക്തമാകും. ഒരു വർഷം മുൻപാണ് വിവാഹം കഴിഞ്ഞത്. മറ്റു പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് സഹപാഠികളും പറയുന്നത്.