ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. അയര്‍ലന്‍ഡിലെ കെറിയില്‍ ചികിത്സയിലിരുന്ന ജെസി പോള്‍ (33) ആണ് മരിച്ചത്. രാമമംഗലം ഏഴാക്കര്‍ണ്ണാട് ചെറ്റേത്ത് വീട്ടില്‍ പരേതനായ സിസി ജോയിയുടെയും ലിസി ജോയിയുടെയും മകളാണ്. എറണാകുളം കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തില്‍ വീട്ടില്‍ പോള്‍ കുര്യന്റെ ഭാര്യയാണ്. ഏകമകള്‍ ഇവ അന്ന പോള്‍.
ട്രലിയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ കെയര്‍ഹോമില്‍ രണ്ട് വര്‍ഷം മുമ്പാണ് നഴ്‌സായി ജോലി ലഭിച്ച് ജെസി അയര്‍ലന്‍ഡില്‍ എത്തിയത്. കുടുംബസമേതം താമസം തുടങ്ങിയ ജെസിക്ക് രണ്ട് മാസം മുമ്പാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ലഭിക്കുന്നത്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഒക്ടോബറില്‍ നടത്തിയ പരിശോധനയില്‍ സ്തനാര്‍ബുദം സ്ഥിരീകരിക്കുകയായിരുന്നു. ജോലിയില്‍ പ്രവേശിക്കാനിരിക്കുന്ന ആശുപത്രിയുടെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തെ സഹായിക്കാനും മൃതദേഹം നാട്ടിലെത്തിക്കാനുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.