 
                                 
                        ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു പങ്കെടുക്കാൻ ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകൾ പുറത്തുവന്നു. കേരളത്തിൽനിന്നു നടൻ മോഹന്‍ലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണമുണ്ടെന്നാണു റിപ്പോർട്ട്. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
വിവിധ മേഖലകളിലെ പ്രശസ്തർക്കാണു ചടങ്ങിലേക്കു ക്ഷണം. സിനിമാ രംഗത്തുനിന്ന് അമിതാഭ് ബച്ചന്‍, രജനികാന്ത്, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, ചിരഞ്ജീവി, ഋഷഭ് ഷെട്ടി, ധനുഷ്, സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി തുടങ്ങിയവർക്കാണു ക്ഷണമുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കു ക്ഷണക്കത്ത് ലഭിച്ചേക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. മുതിര്‍ന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുത്തേക്കില്ല.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    