Share this Article
News Malayalam 24x7
മട്ടൺ സൗജന്യമായി ആവശ്യപ്പെട്ടു; കൊടുക്കാത്തതിന് ഇറച്ചിക്കടയ്ക്ക് മുന്നിൽ അഴുകിയ മനുഷ്യമൃതദേഹം കൊണ്ടിട്ട് ശ്മശാന ജീവനക്കാരൻ; അറസ്റ്റ്
വെബ് ടീം
posted on 10-02-2025
1 min read
crematorium

ചെന്നൈ: മദ്യം തലയ്ക്ക് പിടിച്ചാലും ഇല്ലെങ്കിലും ചെയ്യുന്ന കാര്യങ്ങൾക്ക് ഒരു മര്യാദ വേണ്ടേ?.എന്നാൽ മര്യാദ പോയിട്ട് സാമാന്യബോധം കൂടി ഇല്ലെങ്കിലോ. ഇറച്ചി സൗജന്യമായി നല്‍കാത്തതിന്റെ വിരോധത്തില്‍ ശ്മശാന ജീവനക്കാരന്‍ ഇറച്ചിക്കടയ്ക്ക് മുന്നില്‍ മനുഷ്യമൃതദേഹം കൊണ്ടിട്ട നടുങ്ങുന്ന വാർത്തയാണ് പുറത്തുവരുന്നത്. തമിഴ്‌നാട്ടിലെ തേനിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

പ്രദേശത്തെ ശ്മശാനത്തില്‍ ജോലിചെയ്യുന്ന കുമാര്‍ എന്നയാളാണ് അഴുകിയ മൃതദേഹം ഇറച്ചിക്കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.മണിയരശന്‍ എന്നയാളുടെ 'സംഗീത മട്ടണ്‍സ്റ്റാളി'ലായിരുന്നു സംഭവം. നാലുവര്‍ഷം മുമ്പ് ഇതേകടയില്‍ പ്രതിയായ കുമാര്‍ ജോലിചെയ്തിരുന്നു. ഞായറാഴ്ച മദ്യലഹരിയില്‍ കടയിലെത്തിയ കുമാര്‍ തനിക്ക് സൗജന്യമായി മട്ടണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, മട്ടണ് ഉയര്‍ന്നവിലയാണെന്നും സൗജന്യമായി നല്‍കാനാകില്ലെന്നും മണിയരശന്‍ പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

പിന്നാലെ തിരികെപോയ കുമാര്‍ ശ്മശാനത്തില്‍നിന്ന് അഴുകിയമൃതദേഹം തുണിയില്‍പൊതിഞ്ഞ് കൊണ്ടുവരികയും ഇറച്ചിക്കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയുമായിരുന്നു.വിവരമറിഞ്ഞതോടെ ശ്മശാന ജീവനക്കാരും പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് മോര്‍ച്ചറി വാനില്‍ മൃതദേഹം തിരികെ ശ്മശാനത്തിലെത്തിച്ചു. സംഭവത്തില്‍ കുമാറിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories