കരുർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നടനും തമിഴക വെട്രി കഴകം (TVK) പ്രസിഡന്റുമായ വിജയ് ഇന്ന് നേരിൽ കാണും. ചെന്നൈക്ക് അടുത്തുള്ള മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളെ പാർപ്പിക്കാനായി 50 മുറികൾ വിജയ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ദുരന്തം നടന്ന് ഒരു മാസത്തിനു ശേഷമാണ് വിജയ് കുടുംബങ്ങളെ സന്ദർശിക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി പോലീസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് സ്വകാര്യ റിസോർട്ടിൽ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചത്.
അതേസമയം, ദുരന്തത്തിൽ മരിച്ച ചിലരുടെ കുടുംബാംഗങ്ങൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആചാരപരമായ കാരണങ്ങളാൽ കുറച്ചുകൂടി ദിവസങ്ങൾ മറ്റ് ചടങ്ങുകളുമായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനാലാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
റിസോർട്ടിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു സ്വകാര്യ കൂടിക്കാഴ്ച മാത്രമാണെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. കൂടാതെ, സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത കേസിന് പകരം പുതിയൊരു എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് സി.ബി.ഐ. അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്.