വർഷങ്ങളായി വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസ വാർത്ത. സോണിയ, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് പരിഗണിക്കാൻ ഡൽഹിയിലെ റോസ് അവന്യൂ കോടതി വിസമ്മതിച്ചു.
കേസ് നിലനിൽക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസിൽ വാദം കേൾക്കാൻ ആകില്ലെന്നും കോടതി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ചില വകുപ്പുകൾ പ്രകാരമുള്ള ഇ.ഡി. കേസ് നിലനിൽക്കില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
അതേസമയം, കേസിൽ അന്വേഷണം തുടരാമെന്ന് കോടതി അറിയിച്ചു. ഡൽഹി പൊലീസ് പുതിയ പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) സമർപ്പിച്ചതിനെ തുടർന്നാണ് ഇ.ഡി. കേസ് പരിഗണിക്കുന്നതിൽ കോടതി വിസമ്മതം അറിയിച്ചത്. നാഷണൽ ഹെറാൾഡിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങളെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.