Share this Article
News Malayalam 24x7
സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം; ല‍ഡാക്കില്‍ നാലുപേര്‍ കൊല്ലപ്പെട്ടു; നിരോധനാജ്ഞ
വെബ് ടീം
posted on 24-09-2025
1 min read
LEH

ലേ: ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് ലേയില്‍ ബന്ദിനിടയിൽ നടന്ന പ്രതിഷേധം അക്രമാസക്തം. സംഘർഷത്തിൽ നാലുമരണം. 70 പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി ആസ്ഥാനത്തിന് പ്രതിഷേധക്കാര്‍ തീയിട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് ലഡാക്കില്‍ പ്രതിഷേധം വിലക്കി.ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട്  സമരം നടത്തുന്ന ലഡാക് അപെക്സ് ബോഡിയുടെ യുവജന വിഭാഗം ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് ലേയില്‍ സംഘര്‍ഷമുണ്ടായത്. ബി.ജെ.പി ആസ്ഥാനത്തിന് മുന്നില്‍ സംഘടിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ബലംപ്രയോഗിച്ചു. ഇതോടെ പൊലീസിനുനേരെ കല്ലേറുണ്ടായി. പിന്നാലെ ബി.ജെ.പി. ഓഫിസും നിരവധി പൊലീസ് വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.

മണിക്കൂറുകള്‍ ലേ നഗരത്തില്‍ തെരുവുയുദ്ധമായിരുന്നു.ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് അടക്കം രണ്ടുപേരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതെ തുടര്‍ന്നാണ് ലെ അപെക്സ് ബോഡി ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തത്. സംഘര്‍ഷത്തിന് പിന്നാലെ ലേയില്‍ പ്രതിഷേധപ്രകടനങ്ങള്‍ വിലക്കി ഭരണകൂടം ഉത്തരവിറക്കി.അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിക്കുകയാണെന്നും അറിയിച്ചു. അതേസമയം കോണ്‍ഗ്രസ് ആണ് സംഘര്‍ഷത്തിന് പിന്നിലെന്ന് ബി.ജെ.പി. ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് കലാപത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് എന്ന് അവകാശപ്പെട്ട് വീഡിയോയും പുറത്തുവിട്ടു. ലഡാക്കിലെ സംഘടനകളുമായി അടുത്തമാസം ആറിന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്താനിരിക്കെയാണ് സംഘര്‍ഷം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories