ഇന്ത്യയിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ പങ്കെടുക്കാനെത്തിയ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ. ക്രിക്കറ്റ് കളിക്കാർ വളരെ ജനപ്രിയരായതിനാൽ പുറത്തുപോകുമ്പോൾ ശ്രദ്ധിക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇൻഡോറിൽ മത്സരത്തിൽ പങ്കെടുക്കാനെത്തിയ ഓസ്ട്രേലിയൻ താരങ്ങൾക്ക് ഹോട്ടലിൽ നിന്ന് തൊട്ടടുത്തുള്ള കഫേയിലേക്ക് നടന്നുപോകുമ്പോളാണ് ബൈക്കിലെത്തിയ പ്രതി പിന്നാലെ പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തിയത്. ഈ സംഭവം കളിക്കാർക്ക് ഒരു വലിയ പാഠമാണെന്ന് വിജയവർഗിയ പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്.
ലൈംഗികാതിക്രമത്തെ അപലപിക്കുന്നതിന് പകരം കളിക്കാർക്ക് മുന്നറിയിപ്പ് നൽകുകയും അതിക്രമത്തെ ഒരു പാഠമായി ചിത്രീകരിക്കുകയും ചെയ്തത് രാജ്യത്തിന് അപമാനമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡും ബി.സി.സി.ഐയും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തിട്ടുണ്ട്.