കരൂരില്‍ നടന്‍ വിജയ് യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിക്കാനിടയായ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് വെട്രി കഴകം. ഹര്‍ജി നാളെ ഹൈക്കോടതിയുടെ മധുര ബെഞ്ച് പരിഗണിക്കും. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. സംഭവത്തില്‍ തമിഴ് വെട്രികഴകം സംസ്ഥാന നേതാക്കള്‍ക്ക് എതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു.
പതിനായിരം പേര്‍ പങ്കെടുക്കുമെന്ന് കാണിച്ച് അനുമതി നേടിയ റാലിയിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങളാണ്. ഇത് മുന്‍ കൂട്ടിക്കണ്ട് സുരക്ഷ ഒരുക്കുന്നതില്‍ സംഘടകര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ച. 12 മണിക്ക് എത്തുമെന്ന് അറിയിച്ച വിജയ് എത്തിയത് ആറു മണിക്കൂറോളം വൈകി രാത്രി ഏഴുമണിയോടെ അതുവരെ വെള്ളവും ഭക്ഷണവും കിട്ടാതെ ആളുകള്‍ കാത്തുനിന്നു. ദുരന്തത്തില്‍ ടിവികെയ്ക്ക് എതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടിയിലാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് ടിവി കെയുടെ ആരോപണം. റാലിക്കിടെ പൊലീസ് ലാത്തി വീശിയെന്നും ദുരന്തത്തിന് മുന്‍പ് കല്ലേറുണ്ടായെന്നും ടിവികെ ആരോപിക്കുന്നു. ആംബുലന്‍സുകള്‍ നേരത്തെ എത്തിയതിലും ഗൂഡാലോചനയുണ്ടെന്നും ടിവികെ ആരോപിക്കുന്നു. ഹര്‍ജി നാളെ മധുര ബെഞ്ച് പരിഗണിക്കും. അതേസമയം സംഭവത്തില്‍ റാലിയുടെ സംഘടകരായ തമിഴ് വെട്രികഴകം പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു.
മനപൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് സംസ്ഥാന നേതാക്കളായ നിര്‍മ്മല്‍ കുമാര്‍, ബുസി ആനന്ദ്, കരൂര്‍ വെസ്റ്റ് ടിവികെ സെക്രട്ടറി മധിയഴകന്‍ എന്നിവര്‍ക്ക് എതിരെ കേസ് എടുത്തത്. വിജയ്‌ക്കെതിരെ കേസ് എടുക്കുന്നതില്‍ അന്വേഷണത്തിന് ശേഷം തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തിന് പുറമെ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ടേര്‍ഡ് ജസ്റ്റിസ് അരുണ ജഗദീശനാണ് അന്വേഷണ ചുമതല. അതേസമയം സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പര്യടനം വിജയ് നിര്‍ത്തിവച്ചു.