തിരുവനന്തപുരം: ഐഎഫ്എഫ്കെയിൽ വിവിധ സിനിമകൾക്ക് പ്രദർശന അനുമതി നിഷേധിച്ച കേന്ദ്രവാർത്താവിനിമ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐഎഫ്എഫ്കെയെ ഞെരിച്ച് കൊല്ലാനുള്ള ശ്രമമാണ് ഉണ്ടായത്. മേളയ്ക്ക് ഇത്തവണ അസാധാരണമായ പ്രതിസന്ധികൾ സൃഷ്ടിച്ചത് കേന്ദ്രമാണ്. 19 സിനിമകൾക്ക് പ്രദർശന അനുമതി നിഷേധിച്ചുകൊണ്ട് മേളയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറി. പത്തോളം സിനിമകളുടെ പ്രദർശനം ആദ്യദിവസം റദ്ദാക്കേണ്ടിവന്നു. സംസ്ഥാന സർക്കാരിന്റെ പ്രതിഷേധത്തെ തുടർന്ന് 13 സിനിമകൾക്ക് പ്രദർശന അനുമതി ലഭിച്ചു. ഭിന്നസ്വരങ്ങളെയും വൈവിധ്യമായ സർഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎഫ്എഫ്കെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബീഫ് എന്ന പേരിലുള്ള സ്പാനിഷ് സിനിമയ്ക്ക് അനുമതി നിഷേധിച്ചു. എന്താണ് അതിന് കാരണം? ബീഫ് എന്നാൽ അവർക്ക് ഒരു അർത്ഥമേയുള്ളു. ബീഫ് എന്ന ഭക്ഷണ പദാർത്ഥവുമായി സിനിമയ്ക്ക് ഒരു ബന്ധവുമില്ലായിരുന്നു. സ്പാനിഷ് ജനപ്രിയ സംഗീതമായ ഹിപ്ഹോപ്പുമായി ബന്ധപ്പെട്ടതാണ് ആ സിനിമ. ഹിപ്ഹോപ്പ് സംസ്കാരത്തിൽ ബീഫ് എന്നാൽ പോരാട്ടം, കലഹം എന്നൊക്കെയാണ് അർത്ഥം. ഇത് തിരിച്ചറിയാതെ ഇവിടുത്തെ ബീഫ് ആണെന്ന് കരുതി വാളെടുക്കുകയായിരുന്നു കേന്ദ്രസർക്കാർ. എത്ര പരിഹാസ്യമാണിത്.ലോകക്ലാസിക് ആയ ബാറ്റിൽഷിപ് പൊട്ടെംകിൻ ഉൾപ്പെടെയുള്ള സിനിമകൾക്ക് പ്രദർശന അനുമതി നിഷേധിച്ചു. ലോകസിനിമയെക്കുറിച്ചുള്ള കേന്ദ്രഭരണ സംവിധാനത്തിന്റെ അജ്ഞതയുടെ നിർലജ്ജമായ പ്രകടനമായി വേണം നടപടിയെ കാണാം. ഏതൊക്കെ സിനിമാ പ്രവർത്തകർ കേരളത്തിൽ വരണം എന്നതിൽപോലും കേന്ദ്രസർക്കാർ കൈകടത്തുന്നു.ഇത് കേവലം ചില ഉദ്യോഗസ്ഥരുടെ സാങ്കേതിക നടപടിയല്ല. 30 വർഷം പ്രായമായ ഐഎഫ്എഫ്കെയെ ഞെരിച്ചുകൊല്ലാനുള്ള ശ്രമമാണ്. ഇത് തിരിച്ചറിഞ്ഞാണ് കൃത്യമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. അനുമതി നിഷേധിച്ച എല്ലാ സിനിമകളും വിലക്ക് മറികടന്ന് പ്രദർശിപ്പിക്കാനുള്ള തീരുമാനം അതിന്റെ ഭാഗമാണ്. ജനാധിപത്യവിരുദ്ധമായ ഏത് ഫാസിസ്റ്റ് നടപടിയെയും ചെറുത്തുകൊണ്ട് ഐഎഫ്എഫ്കെ ഇവിടെ തന്നെയുണ്ടാകും. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിനുമുന്നിൽ ഐഎഫ്എഫ്കെ മുട്ടുമടക്കില്ല.- മുഖ്യമന്ത്രി പറഞ്ഞു.
മേളയിൽ സുവർണചകോരം ബിഫോർ ദ ബോഡി നേടി.തന്തപ്പേര് ജനപ്രിയ ചിത്രമായി.