ഉത്തർപ്രദേശിലെ ഉന്നാവ ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അതിജീവിത സുപ്രീം കോടതിയെ സമീപിക്കുന്നു. വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച നടപടി നീതിനിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം.
സുപ്രീം കോടതിയിൽ നിന്ന് തങ്ങൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അതിജീവിതയുടെ മാതാവ് വ്യക്തമാക്കി. കുൽദീപ് സിംഗ് സെംഗാറിൽ നിന്നുള്ള ഭീഷണി ഇപ്പോഴും തുടരുകയാണെന്നും അതിനാൽ തന്നെ ശിക്ഷ മരവിപ്പിച്ചത് തങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും കുടുംബം ആശങ്കപ്പെടുന്നു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാനും അതിജീവിത തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അതിജീവിതയും കുടുംബവും ഡൽഹിയിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും സന്ദർശിച്ച് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചിരുന്നു. ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ ഇന്ത്യ ഗേറ്റിന് സമീപം പ്രതിഷേധിച്ച അതിജീവിതയെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ നടപടിയെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
2017-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് സെംഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തുടർന്ന് ബിജെപി ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അതിജീവിതയ്ക്കൊപ്പം സിബിഐയും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന. വിചാരണ വേളയിലും അതിന് ശേഷവും അതിജീവിതയുടെ പിതാവ് കൊല്ലപ്പെട്ടതും വാഹനാപകടത്തിൽ കുടുംബാംഗങ്ങൾ മരിച്ചതും ഉൾപ്പെടെയുള്ള സംഭവങ്ങൾ കേസിനെ ഏറെ വിവാദമാക്കിയ ഒന്നായിരുന്നു.