 
                                 
                        ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച 14-ാം റൗണ്ട് ചര്‍ച്ചകള്‍ ഇന്ന് ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ ആരംഭിക്കും. ചീഫ് നെഗോഷ്യേറ്റര്‍ സത്യ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ഇന്ന് മുതല്‍ ഒക്ടോബര്‍ 10 വരെ ബ്രസ്സല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ ബ്ലോക്കിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. താരിഫ് ഇതര തടസ്സങ്ങള്‍, വാഹനങ്ങളുടെ കസ്റ്റംസ് തീരുവ, ക്ഷീര, കാര്‍ഷിക മേഖലകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുക. തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കാനും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വ്യാപാര ഉടമ്പടി അന്തിമമാക്കാനുമാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്. സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് 13 ആം റൗണ്ട് ബ്രസ്സല്‍സ് ചര്‍ച്ചകള്‍ നടക്കുക. ഈ വര്‍ഷം ഡിസംബറോടെ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് കരാര്‍ അന്തിമമാക്കാനാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് കമ്മീഷണറും വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    