യുവ സംവിധായിക നയന സൂര്യൻ്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ഗുരുതര പിഴവ്. കഴുത്തിൽ കാണപ്പെട്ട ഉരഞ്ഞ പാടിൻ്റെ നീളം അടയാളപ്പെടുത്തിയതിലാണ് പിഴവ് സംഭവിച്ചത്. റിപ്പോർട്ട് ടൈപ്പ് ചെയ്യുന്നതിൽ തനിക്ക് പിഴവ് ഉണ്ടായി എന്നാണ് ഡോക്ടർ ശശികല നൽകിയ മൊഴി. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കൂടുതൽ വ്യക്തതക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡ് കൊലപാതക സാധ്യത തള്ളി
നയന സൂര്യൻ്റെ കഴുത്തിലെ മുറിവിന് 31.5 സെൻ്റീമീറ്റർ നീളമുണ്ട് എന്നായിരുന്നു പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നൽ മുറിവിൻ്റെ യഥാർഥ നീളം 1.5 സെൻ്റീമീറ്ററാണ്. ക്രൈം ബ്രാഞ്ച് ആണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലെ ഈ ഗുരുതര പിഴവ് കണ്ടെത്തിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയും വ്യക്തമായ അനുമാനങ്ങളിലെത്താതെ പോയതുമാണ് നയനസൂര്യൻെറ മരണത്തിലെ ദുരൂഹതകള്‍ ആളി കത്തിക്കാൻ ഇടയാക്കിയതെന്നാണ് അന്വേഷണ സംഘത്തിൻെറയും നിഗമനം.
2019 ഫെബ്രുവരി 24നാണ് യുവ സംവിധായക നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നയന മുൻപ് പല തവണ ബോധരഹിതയായി ചികിത്സ തേടിയെന്നാണ് റിപ്പോർട്ട്. ചികിത്സാ രേഖകൾ ഉൾപ്പടെ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. കടുത്ത വിഷാദത്തിലായിരുന്നെന്നും ഡോക്ടറുടെ മൊഴിയും ലഭിച്ചിട്ടുണ്ട്. വിഷാദത്തിന് കഴിച്ച മരുന്നുകൾ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്നും കണ്ടെത്തി.
ഡോ.ശശികലയുടെ പോസ്റ്റുമോർട്ടം നിഗമനങ്ങളിൽ വ്യക്തത വരുത്താനായ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് കൊലപാതക സാധ്യത തള്ളി. കഴുത്തിനേറ്റ പരിക്കല്ല മരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് ഡോക്ടർമാരുടെ സംഘം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ടൈപ്പ് ചെയ്തപ്പോഴുണ്ടായ പിഴവ് സമ്മതിക്കുന്ന മൊഴിയും മെഡിക്കൽ ബോഡിന് മുന്നിൽ ക്രൈം ബ്രാഞ്ച് വച്ചിരുന്നു. എന്താണ് മരണകാരണമെന്നത് വിശദമായ ചർച്ചക്കു ശേഷം വിദഗ്ധ സംഘം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും