ന്യൂഡൽഹി: രാജ്യവിഭജനം മൂലമുണ്ടായ വേദന നാം ഒരിക്കലും മറക്കരുതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു.ഇന്ന് നമ്മൾ വിഭജന ഭീകരത ഓർമ ദിനം ആചരിച്ചു. വിഭജനത്തിൽ ഭയാനകമായ അക്രമങ്ങൾ അരങ്ങേറി. ലക്ഷക്കണക്കിന് ആളുകൾ അവരുടെ വീടുകൾ വിട്ട് പോകാൻ നിർബന്ധിതരായെന്നും ദ്രൗപതി മുർമു പറഞ്ഞു. രാജ്യം 79ാം സ്വാതന്ത്ര്യദിന ആഘോഷിക്കുന്ന അവസരത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണം. ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനായി. പിന്നാക്ക സംസ്ഥാനങ്ങളായി നിന്ന പ്രദേശങ്ങൾ പുരോഗതിയുടെ പാതയിലാണെന്നും രാഷ്ട്രപതി പറഞ്ഞു.79 വർഷം കൊണ്ട് രാജ്യം ഏറെ മുന്നേറി. നമ്മുടെ ഭരണഘടന ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന 4 പ്രധാന വശങ്ങളെ വിവരിച്ചിട്ടുണ്ട്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് അവ. നമ്മുടെ ഭരണഘടനയും ജനാധിപത്യവുമാണ് മറ്റെല്ലാത്തിനെക്കാളും വലുതെന്നും രാഷ്ട്രപതി പറഞ്ഞു.രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച സ്വാതന്ത്ര്യ സമരസേനാനികൾക്ക് ആദരം അർപ്പിക്കുന്നുവെന്നും രാഷ്ട്രപതി.