കൊച്ചി: CPIM പുറത്താക്കിയ വി കുഞ്ഞികൃഷ്‌ണൻ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. ഫെബ്രുവരി 4 നു നടക്കുന്ന പുസ്തകപ്രകാശനത്തിനും പൊലീസ് സംരക്ഷണം വേണം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്,ടി ഐ മധുസൂദനൻ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സിപിഐഎമ്മുകാർ പ്രകടനം നടത്തിയിരുന്നു.
അതേ സമയം ഹർജിയിൽ വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. കുഞ്ഞിക്കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യാന്റെ ഉത്തരവ്. സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ള കോടതി നോട്ടീസ് അയച്ചു.
ഫെബ്രുവരി മാസം നാലിനാണ് 'നേതൃത്വത്തെ അണികൾ തിരുത്തണം ' എന്ന പേരിലുള്ള പുസ്തകം പുറത്തിറങ്ങുന്നത്. പുസ്തകം ജോസഫ് സി മാത്യു പ്രകാശനം ചെയ്യും. ഏറെ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കാൻ പോകുന്ന പുസ്തകം കുഞ്ഞികൃഷ്ണൻ സ്വന്തം ചെലവിലാണ് പ്രസിദ്ധീകരിക്കുന്നത്.നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ എം.എൻ വിജയൻ്റെ മകൻ ഡോ. വി.എസ് അനിൽകുമാറിന് കോപ്പി നൽകിയാണ് ജോസഫ് സി മാത്യു പുസ്തക പ്രകാശനം നിർവഹിക്കുക. സിപിഎം നേതൃത്വത്തിൻ്റെ നെഞ്ചിടിപ്പ് കൂട്ടിയാണ് വി.കുഞ്ഞികൃഷ്ണൻ്റെ പുസ്തകം പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നത്.
പുസ്തകത്തിൽ പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.ബൂർഷ്വാ രാഷ്ട്രീയക്കാരനായാണ് പയ്യന്നൂരിൽ മധുസൂദനൻ പ്രവർത്തിച്ചിരുന്നതെന്നാണ് പുസ്തകത്തിലെ പ്രധാന വിമർശനം. താനാണ് പാർട്ടി എന്ന മധുസൂദനൻ്റെ ശൈലി നേതൃത്വം അംഗീകരിച്ചു നൽകിയെന്ന ആരോപണവും പുസ്തകത്തിലുണ്ട്.ഇന്നലെ ചേർന്ന കൂർക്കര ബ്രാഞ്ച് യോഗത്തിൽ നിന്ന് 12 അംഗങ്ങളാണ് വിട്ടുനിന്നത്. ഏരിയാ കമ്മറ്റി അംഗം വിജേഷ് പങ്കെടുത്ത യോഗത്തിന് എത്തിയ ആകെ അഞ്ച് അംഗങ്ങൾ മാത്രമാണ്.