കയ്പമംഗലം: സ്കൂളിൽ അധ്യാപികയായി ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. വലപ്പാട് സ്വദേശികളായ വാഴൂർ വീട്ടിൽ പ്രവീൺ (56), രേഖ (45) എന്നിവരെയാണ് കൈപ്പമംഗലം എസ് ഐ യും സംഘവും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
തിരുവനന്തപുരം പാലോട് നന്ദിയോട് അഞ്ജു നിലയത്തിൽ ആര്യാ മോഹൻ (31) ആണ് തട്ടിപ്പിനിരയായത്. കെ.എ.എം യു.പി സ്കൂളിലെ എൽ.പി വിഭാഗത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ടെന്ന് കാണിച്ച് പ്രതികൾ പത്രപരസ്യം നൽകിയിരുന്നു. ഇത് കണ്ട് എത്തിയ ആര്യയെ ഇന്റർവ്യൂ നടത്തുകയും, ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 2023 നവംബർ 6-ന് 10 ലക്ഷം രൂപ കൈക്കലാക്കുകയുമായിരുന്നു.
സ്കൂളിൽ യഥാർത്ഥത്തിൽ ഒഴിവില്ലാതിരുന്നിട്ടും, പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി മൂന്ന് മാസം സ്കൂളിൽ ജോലി ചെയ്യിപ്പിച്ചു. തുടർന്ന് ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്നാണ് ആര്യ പോലീസിൽ പരാതി നൽകിയത്.പ്രവീൺ, രേഖ എന്നിവർ കയ്പമംഗലം, വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലായി പത്ത് തട്ടിപ്പുുക്കേസുകളിൽ പ്രതികളാണ്. കൂടാതെ പ്രവീൺ സ്ത്രീക്ക് മാനഹാനി വരുത്തിയ ഒരു കേസിലും കൂടി പ്രതിയാണ്.