Share this Article
KERALAVISION TELEVISION AWARDS 2025
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് ജനുവരി 2 ന് തുടക്കമാകും
Thiruvairanikulam Temple

ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് ജനുവരി 2 ന് തുടക്കമാകും.. 12 ദിവസം നീണ്ടു നിൽക്കുന്ന നടതുറപ്പ് മഹോത്സവം കാണാൻ സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി ലക്ഷകണക്കിന് ഭക്തരാണ് എത്തുക.

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം ഈ വര്‍ഷത്തെ നടതുറപ്പ് ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. വര്‍ഷത്തിലൊരിക്കല്‍ 12 ദിവസം മാത്രം നടതുറക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണിത്.

പെരിയാര്‍ തീരത്ത് വെള്ളാരപ്പിള്ളി തെക്കുംഭാഗം കരയിലാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. ഒരേ ശ്രീകോവിലില്‍ കിഴക്ക് ദര്‍ശനമായി ശിവനെയും മഹാദേവന്റെ പുറകില്‍ പടിഞ്ഞാറ് ദര്‍ശനമായി പാര്‍വ്വതിദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. 

ഉപദേവതകളായി ഗണപതി, അയ്യപ്പന്‍, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങള്‍ എന്നിവര്‍ക്കും പ്രത്യേകം പ്രതിഷ്ടയുണ്ട്. വര്‍ഷത്തില്‍ 12 ദിവസം മാത്രം  നട തുറക്കുന്ന പാര്‍വ്വതി ദേവിയുടെ ദര്‍ശനത്തിനായി ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്.

തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഉദ്ഭവം ഊരാള കുടുംബങ്ങളിലൊന്നായ അകവൂര്‍ മനയുമായും പറയിപെറ്റ പന്തിരുകുലവുമായും ബന്ധപ്പെട്ടുനില്‍ക്കുന്നു. പണ്ടു കാലങ്ങളില്‍ ദേവിയുടെ തിരുനട പതിവായി തുറക്കുമായിരുന്നുവെന്നും പിന്നീട് ഈ രീതിക്കുമാറ്റം വന്നു എന്നുമാണ് വിശ്വാസം.

ശിവപാര്‍വ്വതിമാര്‍ക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര, മൂന്ന് ഊരാളകുടുംബങ്ങളില്‍ പ്രധാനപ്പെട്ട അകവൂര്‍ മനയില്‍ നിന്നാണ് പുറപ്പെടുന്നത്. കുലദൈവമായ ശ്രീരാമസ്വാമിയുടെ നടയില്‍ പ്രത്യേക പൂജകള്‍ നടത്തിയ ശേഷം അകവൂര്‍ മനയിലെ കാരണവര്‍, ക്ഷേത്രം ഭാരവാഹികള്‍ക്ക് തിരുവാഭരണങ്ങള്‍ കൈമാറുന്നതോടെ ഘോഷയാത്ര പുറപ്പെടും. പ്രത്യേക രഥത്തില്‍ തിരുവാഭരണങ്ങള്‍ പ്രതിഷ്ഠിച്ചശേഷം വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തും. തിരുവാഭരണം ക്ഷേത്രത്തിൽ എത്തിച്ചശേഷം മേല്‍ശാന്തിയോട് ദേവിയുടെ നട തുറക്കാന്‍ തോഴിയായ പുഷ്പിണി ആവശ്യപ്പെടുകയും അതനുസരിച്ച് നട തുറക്കുകയും ചെയ്യുന്നു. ഇതോടെയാണ് നടതുറപ്പ് മഹോത്സവത്തിന് തുടക്കമാകുന്നത്.. 


ഇത്തവണ ജനുവരി 2നാണ് നടതുറപ്പ്.. ഈ ദിവസങ്ങളില്‍ ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ അടക്കമുള്ള സംവിധാനങ്ങൾ ക്ഷേത്രം ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്..ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്.. ഭക്ഷ്യക്കിറ്റ് വിതരണത്തിന് പുറമെ നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികളുടെ വിവാഹവും ട്രസ്റ്റ് നടത്തിക്കൊടുക്കുന്നുണ്ട്. 

കളക്ടരുടെ നേത്യത്വത്തിൽ യോഗം ചേർന്ന് വിവിധ വിഭാഗങ്ങളുടെ ഏകോപനത്തോടെ ഉത്സവം ഗംഭീരമാക്കാനാണ് തീരുമാനം.മഹാദേവന് എള്ളു പറ നിറക്കുന്നത് ഉദരരോഗ ശമനത്തിന് ഉത്തമമാണെന്നാണ് വിശ്വാസവും ഐതിഹ്യവും. ശ്രീപാർവ്വതി ദേവിക്ക് മഞ്ഞൾപറ, പട്ട്, താലി, പുടവ എന്നിവയാണ് പ്രധാന വഴിപാടുകൾ.  സതീദേവി പ്രതിഷ്ടയുള്ള കേരളത്തിലെ ഏകക്ഷേത്രമാണ് തിരുവൈരാണിക്കുളം. മംഗല്യ സൗഭാഗ്യത്തിനായും സന്താന ഭാഗ്യത്തിനായും ക്ഷേത്രം സന്ദര്‍ശിക്കുന്നവരാണ് ഏറെ പേരും.

തിരുവൈരാണിക്കുളത്ത് എത്തുന്ന ഭക്തര്‍ കുട്ടമന ക്ഷേത്രത്തിലും ദര്‍ശനം നടത്തും. ശങ്കരാചാര്യരുടെ ശാപവും അനുഗ്രഹവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് കുട്ടമന ക്ഷേത്രത്തിനുള്ളത്.. 

ഇവയ്ക്കുപുറമെ കുംഭമാസത്തിലെ തിരുവാതിരനാളില്‍ ആറാട്ടായി എട്ടുദിവസത്തെ മഹാദേവൻ്റെ ഉത്സവവമുണ്ട്. ഇവ കൂടാതെ ശിവരാത്രി, നവരാത്രി, മണ്ഡലകാലം തുടങ്ങിയവയും ഇവിടെ വിശേഷമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories