കോഴിക്കോട് കോടഞ്ചേരിയിൽ ഗർഭിണിയായ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. കക്കിവായ സ്വദേശിയായ ഷാഹിദ് റഹ്മാനെയാണ് കോടഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്.
യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പൊള്ളലേൽപ്പിക്കുകയായിരുന്നു. ലഹരിക്ക് അടിമയായ പ്രതി, ലഹരി ഉപയോഗിച്ച ശേഷമാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ആൺസുഹൃത്തായ ഇയാൾ കഴിഞ്ഞ കുറച്ചു കാലമായി ലഹരി സംബന്ധമായ പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരുന്നതായും വിവരമുണ്ട്.
ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തിന് ശേഷം സ്ഥലത്തെത്തിയ പൊലീസിനും നാട്ടുകാർക്കും നേരെ പ്രതി അക്രമാസക്തനായി പെരുമാറി. പൊലീസിനെ ആക്രമിക്കാനും ഇയാൾ മുതിർന്നു. ഒടുവിൽ പോലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യനില പൊലീസ് നിരീക്ഷിച്ചു വരികയാണ്.
പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് താമരശ്ശേരി ഡിവൈഎസ്പി അറിയിച്ചു.