Share this Article
News Malayalam 24x7
സ്‌കൂളിനു ചുറ്റും കാട്ടാനകള്‍ ; RRT സംഘത്തിന്റെ കാവലില്‍ പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍
RRT Security

വനം വകുപ്പിന്റെ ആര്‍ ആര്‍ ടി സംഘത്തിന്റെ കാവലില്‍ പത്താംക്ലാസ് പരീക്ഷയെഴുതുന്ന അധികം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തുണ്ടാകില്ല. എന്നാല്‍ മൂന്നാര്‍ ഗൂഡാര്‍വിള സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഈ പരീക്ഷാക്കാലത്ത് മൂന്നാര്‍ ആര്‍ ആര്‍ ടി സംഘം കാവലാണ്. പടയപ്പയടക്കം ഒരു പറ്റം കാട്ടാനകള്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ചുറ്റിത്തിരിയുന്നതാണ് ആശങ്കയുടെ അടിസ്ഥാനം. സ്‌കൂളിന് മാത്രമല്ല സ്ട്രോംങ്ങ് റൂമില്‍ നിന്നും ചോദ്യപേപ്പറുമായുള്ള യാത്രക്കും ആര്‍ ആര്‍ ടിയുടെ കാവലുണ്ട്.


ആനപ്പേടിയില്‍ പരീക്ഷയെഴുതേണ്ടുന്ന ഗതികേടിലാണ് മൂന്നാര്‍ ഗൂഡാര്‍വിള സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍.പടയപ്പയടക്കം ഒരു പറ്റം കാട്ടാനകള്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ചുറ്റിത്തിരിയുന്നുണ്ട്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതാണവസ്ഥ.ഈ സാഹചര്യത്തിലാണ് ആനപ്പേടിയില്ലാതെ പരീക്ഷയെഴുതുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മൂന്നാര്‍ ആര്‍ ആര്‍ ടി സംഘം കാവലായിട്ടുള്ളത്.


വിദ്യാലയത്തിനുള്ളില്‍ കുട്ടികള്‍ പരീക്ഷയെഴുതുമ്പോള്‍ പുറത്ത് ജാഗ്രതയോടെ ആര്‍ ആര്‍ റ്റി സംഘം കാവല്‍ നില്‍ക്കും.ആനകള്‍ സ്‌കൂള്‍ പരിസരത്തെവിടെയെങ്കിലും എത്തുന്നുണ്ടോയെന്ന് ആര്‍ ആര്‍ റ്റി സംഘാംഗങ്ങള്‍ നിരീക്ഷിച്ച് കൊണ്ടേയിരിക്കും.സ്‌കൂളിന് മാത്രമല്ല സ്‌ട്രോംങ്ങ് റൂമില്‍ നിന്നും ചോദ്യപേപ്പറുമായുള്ള യാത്രക്കും ആര്‍ ആര്‍ റ്റിയുടെ കാവലുണ്ട്.


കാട്ടാനകള്‍ സ്‌കൂള്‍ പരിസരത്തേക്കെത്തിയാല്‍ തുരത്താന്‍ വേണ്ടുന്ന സംവിധാനങ്ങളൊക്കെയും സംഘം കൈയ്യില്‍ കരുതിയിട്ടുണ്ട്.അധ്യാപകരും വിദ്യാര്‍ത്ഥികളും വിദ്യാലയത്തില്‍ നിന്ന് പോയി കഴിഞ്ഞാലും ആര്‍ ആര്‍ റ്റി സംഘത്തിന്റെ ദൗത്യം അവസാനിക്കുന്നില്ല.വേനല്‍ കനത്ത് കാട്ടാനശല്യം രൂക്ഷമായതുമുതല്‍ മൂന്നാറില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ആര്‍ ആര്‍ റ്റി സംഘം കാട്ടാനകളെ തുരത്താനുള്ള നിര്‍ത്താതെയുള്ള ഓട്ടത്തിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories