വയനാട് തുരങ്കപാതയുടെ നിർമ്മാണം തുടരാൻ ഹൈക്കോടതി അനുമതി നൽകി. നിർമ്മാണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ, വയനാടിന്റെ വികസനത്തിൽ നിർണായകമായ തുരങ്കപാതയുടെ നിർമ്മാണത്തിലെ അനിശ്ചിതത്വത്തിന് വിരാമമായി.
പാരിസ്ഥിതിക അനുമതിക്കായി വസ്തുതകൾ മറച്ചുവെച്ചെന്ന ആരോപിച്ചായിരുന്നു പ്രകൃതി സംരക്ഷണ സമിതി ഹർജി സമർപ്പിച്ചത്. പാരിസ്ഥിതിക ലോല മേഖലയിലൂടെ കടന്നുപോകുന്ന പാത മണ്ണിടിച്ചിൽ ഉണ്ടാക്കുമെന്ന് സെന്റർ ഫോർ എർത്ത് സയൻസസിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയും ഹർജിക്കാർ കോടതിയിൽ വാദിച്ചു.
എന്നാൽ, നിർമ്മാണം പരിസ്ഥിതിക്ക് കോട്ടം തട്ടാതെയാണ് നടത്തുന്നതെന്ന് കൊങ്കൺ റെയിൽവേയും കിറ്റ്‌കോയും (KITCO) കോടതിയെ അറിയിക്കുകയുണ്ടായി. ഈ റിപ്പോർട്ടുകളും നിർമ്മാണ അധികൃതരുടെ അറിയിപ്പും കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. ഇതോടെ, വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ അധികൃതർക്ക് തടസ്സമില്ലാതായി.