സംസ്ഥാനത്തുടനീളം ഓൺലൈൻ വഴി പെൺവാണിഭം നടത്തിവന്ന സംഘത്തെ ഗുരുവായൂർ ടെമ്പിൾ പൊലീസ് പിടികൂടി. നെന്മിനി സ്വദേശി അജയ്, എസ്.എൻ പുരം സ്വദേശി ഷോജിൻ, പാലക്കാട് പെരിങ്ങോട് സ്വദേശി രഞ്ജിത് എന്നിവരാണ് പിടിയിലായത്. സൈബർ പട്രോളിംഗിനിടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.
വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് പ്രതികൾ ഇടപാടുകൾ നടത്തിയിരുന്നത്. ഓരോ ഗ്രൂപ്പിലും ആയിരത്തിലധികം അംഗങ്ങളുണ്ടായിരുന്നു. സ്ത്രീകളുടെ ഫോട്ടോകൾ ഈ ഗ്രൂപ്പുകളിൽ അയച്ചുനൽകുകയും, ആവശ്യക്കാരെ ഏജന്റുമാർ വഴി വിവിധ ഹോട്ടലുകളിൽ എത്തിക്കുകയുമായിരുന്നു സംഘത്തിന്റെ രീതി. കേരളത്തിലുടനീളം സ്ത്രീകളടക്കമുള്ള വലിയൊരു സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും, അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ഇതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.