കൊല്ലം: തങ്കശ്ശേരി ആൽത്തറ തൈക്കുളങ്ങര ഭാഗത്ത് തീപ്പിടിത്തത്തിൽ 4 വീടുകൾ കത്തിനശിച്ചുവെന്ന് റിപ്പോർട്ട്. താമസക്കാർക്ക് ആർക്കും പരുക്കില്ല. രാത്രി 8 മണിയോടെയാണ് സംഭവം. മുരുകൻ എന്നയാളുടെ വീടിനാണ് ആദ്യം തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
സംഭവസമയത്ത് വീട്ടുകാരെല്ലാം പുറത്തായിരുന്നു. ഈ വീട്ടിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. സമീപത്തുള്ള അനി, കൃഷ്ണൻകുട്ടി എന്നിവരുടെ വീടുകൾക്കും തീപ്പിടിക്കുകയായിരുന്നു. എല്ലാം അടുത്തടുത്തുള്ള ഷീറ്റ് മേഞ്ഞ വീടുകളാണ്. 3 വീടുകളും പൂർണമായും കത്തിനശിച്ചു. ഭിന്നശേഷിക്കാരനായ കൃഷ്ണൻകുട്ടിയെ വീട്ടിൽ നിന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് പുറത്തെത്തിച്ചത്. ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിൽ നിന്ന് 5 യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് അരമണിക്കൂർ കൊണ്ട് തീ അണച്ചത്. ഗാർഹികോപകരണങ്ങളെല്ലാം കത്തിച്ചാമ്പലായി.