കൊച്ചി: കലാഭവന്‍ നവാസിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് നവാസിന് ഹൃദയാഘാതമുണ്ടായതെന്നും ഇതിന് മുമ്പും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുണ്ടായിട്ടുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയുടെ വാതിലിനോട് ചേര്‍ന്നാണ് നവാസ് കിടന്നിരുന്നത്. വാതില്‍ പൂട്ടിയിട്ടുണ്ടായിരുന്നില്ല. നെഞ്ച് വേദന വന്ന് ഹോട്ടല്‍ മുറിക്ക് പുറത്തേക്കിറങ്ങി ആരുടേയെങ്കിലും സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെയാകും കുഴഞ്ഞുവീണതെന്നാണ് നിഗമനം.
വീഴ്ച്ചയുടെ ആഘാതത്തില്‍ തലയില്‍ മുറിവുമുണ്ടായിട്ടുണ്ട്.പ്രകമ്പനം സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് നവാസ് ഹോട്ടല്‍ മുറിയിലേക്ക് പോയത്. രണ്ട് ദിവസം ഷൂട്ടിങ് ഇല്ലാത്തതിനാല്‍ സാധനങ്ങളെടുത്ത് വീട്ടിലേക്ക് പോകാനായി ഹോട്ടല്‍ റൂമിലെത്തിയതായിരുന്നു.
കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടല്‍ മുറിയിലാണ് സിനിമയിലെ മറ്റ് താരങ്ങള്‍ക്കൊപ്പം നവാസും താമസിച്ചിരുന്നത്.രാത്രി എട്ട് മണിക്ക് ചെക്ക് ഔട്ട് ചെയ്യുമെന്ന് നവാസ് ഹോട്ടലില്‍ പറഞ്ഞിരുന്നു. എന്നാല്‍ എട്ടര ആയിട്ടും കാണാതായതോടെ റൂം ബോയ് പോയി നോക്കിയപ്പോഴാണ് തറയില്‍ വീണുകിടക്കുന്നത് കണ്ടത്. സോപ്പും ടവ്വലും കുളിച്ചശേഷം മാറാനുള്ള വസ്ത്രങ്ങളും കിടക്കയിലുണ്ടായിരുന്നു. നവാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ജീവനുണ്ടായിരുന്നെന്ന് ഹോട്ടലുടമ വ്യക്തമാക്കിയിരുന്നു.
അതേസമയം ഷൂട്ടിങ്ങിനിടെ സെറ്റിൽ വച്ച് നവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടൻ വിനോദ് കോവൂർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഡോക്ടറെ വിളിച്ചെങ്കിലും ഷൂട്ടിങ് മുടങ്ങേണ്ടെന്ന കരുതി മുന്നോട്ടുപോയെന്നായിരുന്നു കുറിപ്പ്.എന്നാൽ നെഞ്ചുവേദന ഉണ്ടായെന്നത് ഇല്ലാത്ത കാര്യമാണെന്നും അങ്ങനെ ഒന്ന് നവാസ് പറഞ്ഞിട്ടില്ലെന്നും സിനിമയുടെ പ്രൊഡക്ഷൻ കണ്ട്രോൾ വിഭാഗം പ്രതികരിച്ചു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം.