Share this Article
News Malayalam 24x7
ഹാരിസ് ചിറയ്ക്കല്‍ ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിശദീകരണം നല്‍കും
Dr. Haris

തിരുവനന്തപുരം മെഡിക്ക-ൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ നിന്ന് ശസ്ത്രക്രിയാ ഉപകരണം കാണാതായെന്ന ആരോപണത്തിൽ, വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് വിശദീകരണം നൽകും. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഡോ. ഹാരിസ് ഇന്ന് വീണ്ടും ജോലിയിൽ പ്രവേശിക്കും.

യൂറോളജി വിഭാഗത്തിലെ "ഓസിലോസ്കോപ്പ്" എന്ന ഉപകരണം കാണാനില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. ശശി തരൂർ എംപിയുടെ ഫണ്ടിൽ നിന്ന് വാങ്ങിയ ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണമാണിതെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. എന്നാൽ, ഈ റിപ്പോർട്ടിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും ഉപകരണം ഓപ്പറേഷൻ തീയേറ്ററിൽ തന്നെയുണ്ടെന്നും ഡോ. ഹാരിസ് പറയുന്നു.


വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൽ, ഉപകരണം കാണാനില്ലെന്ന് ഡോ. ഹാരിസ് മൊഴി നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഡോക്ടർ ഇത് നിഷേധിക്കുന്നു. റിപ്പോർട്ട് പൂർണ്ണമായി പുറത്തുവിടാൻ ആരോഗ്യവകുപ്പ് തയ്യാറാകാത്തതും, ഉപകരണം കാണാനില്ലെന്ന വിവരം മാത്രം പുറത്തുവിട്ടതും ദുരൂഹത വർധിപ്പിക്കുന്നു. ഡോ. ഹാരിസിനെതിരെ മോഷണക്കുറ്റം ചുമത്തി അദ്ദേഹത്തെ കുടുക്കാനുള്ള ശ്രമമാണോ ഇതിന് പിന്നിലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്. ഡോ. ഹാരിസിന്റെ വിശദീകരണം ലഭിച്ച ശേഷം തുടർനടപടികൾ ഉണ്ടാകും. ഉപകരണം യഥാർത്ഥത്തിൽ ഓപ്പറേഷൻ തീയേറ്ററിൽ ഉണ്ടോയെന്ന പരിശോധനയും നിർണ്ണായകമാകും. സംഭവത്തിലെ യാഥാർത്ഥ്യം പുറത്തുവരാൻ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories