തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദങ്ങൾ തള്ളി രക്തപരിശോധനാ ഫലം പുറത്ത്. വേണുവിന്റെ ക്രിയാറ്റിൻ അളവ് സാധാരണ നിലയിലായിരുന്നെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആദ്യഘട്ടത്തിൽ ഹൃദയാഘാതത്തെ തുടർന്ന് 24 മണിക്കൂറിനു ശേഷമാണ് വേണുവിനെ ആശുപത്രിയിലെത്തിച്ചതെന്നും, അതിനാൽ ആൻജിയോഗ്രാം ചെയ്യാൻ കഴിഞ്ഞില്ലെന്നുമായിരുന്നു ഡോക്ടർമാരുടെ വാദം. പിന്നീട്, ക്രിയാറ്റിന്റെ അളവ് രക്തത്തിൽ കൂടുതലായിരുന്നതിനാൽ ഡൈ ഉപയോഗിച്ചുള്ള ആൻജിയോഗ്രാം കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്നും അവർ വാദിച്ചു. എന്നാൽ, രക്തപരിശോധനാ ഫലത്തിൽ ക്രിയാറ്റിൻ സാധാരണ നിലയിലായിരുന്നെന്ന് (0.7-1.4 mg/dL എന്ന റഫറൻസ് റേഞ്ചിൽ 1.6 mg/dL) കാണിക്കുന്നു. ആൻജിയോഗ്രാം ചെയ്യുന്നതിന് ഇത് തടസ്സമല്ലെന്ന് വിദഗ്ദ്ധ ഡോക്ടർമാർ പറയുന്നു.
ഈ റിപ്പോർട്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ ആരോഗ്യ മന്ത്രിക്ക് ഉടൻ കൈമാറുമെന്നും തുടർനടപടികൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വേണുവിന് ശരിയായ ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രി അധികൃതരും ഡോക്ടർമാരുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്നും മരണമൊഴിക്ക് സമാനമായ ശബ്ദസന്ദേശം വേണു സുഹൃത്തിന് അയച്ചിരുന്നു. ഡോക്ടർമാർ തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും അവഗണനയാണ് കാണിച്ചതെന്നും വേണു ഭാര്യയോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ഈ ആരോപണങ്ങളെല്ലാം നിലനിൽക്കെയാണ് രക്തപരിശോധനാ ഫലം പുറത്തുവന്നത്.