Share this Article
News Malayalam 24x7
കൊച്ചിൻ ഷിപ്‌യാർഡിൽ മുങ്ങൽവിദഗ്ധൻ മുങ്ങിമരിച്ചു
വെബ് ടീം
2 hours 3 Minutes Ago
1 min read
diver

കൊച്ചി: കൊച്ചിൻ ഷിപ്‍യാർഡിൽ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ കരാർ തൊഴിലാളിയായ ഡൈവർ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പൻതൊടി വീട്ടില്‍ അബൂബക്കറിന്റെ മകൻ അൻവർ സാദത്ത് (25) ആണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. എറണാകുളം ചുള്ളിക്കൽ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങൽ വിദഗ്ധനായിരുന്നു അൻവർ സാദത്ത്.

കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മുങ്ങൽ വിദഗ്ധരെ കരാർ അടിസ്ഥാനത്തിൽ നൽകുന്ന കമ്പനിയാണിത്. ഈ മേഖലയിൽ അഞ്ചു വർഷത്തെ പ്രവർത്തിപരിചയമുള്ളയാളാണ് അൻവർ സാദത്ത്. ഇന്നലെ രാവിലെ മുതൽ കപ്പലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികൾ നടന്നു വരികയായിരുന്നു. ഉച്ചകഴിഞ്ഞാണ് അൻവർ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളിൽനിന്ന് സുരക്ഷാ കാര്യങ്ങൾ നോക്കിയിരുന്നത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അൻവറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

വൈകിട്ട് നാലു മണിയോടെയാണ് തങ്ങളെ വിവരം അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കി. അൻവറിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചു മണിയോടെ മരിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി വരികയാണെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണവും നടത്തുന്നുണ്ട്. ഇളയ രണ്ടു സഹോദരങ്ങളാണ് അൻവർ സാദത്തിനുള്ളത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories