പ്രസവത്തെ തുടർന്നുണ്ടായ ചികിത്സാ പിഴവുമൂലം യുവതി മരിച്ചെന്ന പരാതിയിൽ ആരോഗ്യവകുപ്പ് വിദഗ്ധ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും മറ്റ് ആശുപത്രികളിലെയും മൂന്ന് വകുപ്പ് മേധാവികൾ അടങ്ങുന്ന സംഘമാണ് സംഭവം അന്വേഷിക്കുക. അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കരിക്കകം സ്വദേശിനിയായ ശിവപ്രിയയാണ് (22) പ്രസവാനന്തരം അണുബാധയെ തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വെച്ച് മരിച്ചത്. കഴിഞ്ഞ മാസം 22-ന് പ്രസവിച്ച ശിവപ്രിയയെ 25-ന് ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ, കടുത്ത പനിയെ തുടർന്ന് 26-ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് അണുബാധ സ്ഥിരീകരിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.
ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ശിവപ്രിയയുടെ ബന്ധുക്കളും നാട്ടുകാരും ഇന്നലെ ആശുപത്രിക്ക് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച പ്രതിഷേധക്കാർ മണിക്കൂറുകളോളം ആശുപത്രിക്ക് മുന്നിൽ കുത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചകൾക്ക് ഒടുവിലാണ് മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായത്.
അതേസമയം, ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ. യുവതിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു.