ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തൃശൂർ ചാലക്കുടി സ്വദേശി പ്രസാദ് ഇ.ഡി.യാണ് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയനാട് സ്വദേശി എം.ജി.മനു നമ്പൂതിരിയെയും തിരഞ്ഞെടുത്തു.
സന്നിധാനത്ത് രാവിലെ എട്ടുമണിയോടെ നടന്ന ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്. ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിൽ പന്തളം കൊട്ടാരത്തിലെ മാളികപ്പുറം പ്രതിനിധി മൈഥിലി വർമ്മയും ശബരിമല പ്രതിനിധി കശ്യപ് വർമ്മയും പങ്കെടുത്തു. നറുക്കെടുപ്പിൽ 14 പേരുടെ പേരാണ് ഒരു കുടത്തിൽ ഉണ്ടായിരുന്നത്. അതിൽ മേൽശാന്തി എന്ന് എഴുതിയ പേപ്പറും ബ്ലാങ്ക് പേപ്പറുകളും ഉൾപ്പെടുന്നു. ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ താൻ അതീവ സന്തുഷ്ടനാണെന്ന് പ്രസാദ് ഇ.ഡി. പ്രതികരിച്ചു. ഇത് അയ്യപ്പന്റെ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നിട്ടുണ്ട്. ഒക്ടോബർ 22-ന് രാവിലെ ഒമ്പതോടെ പമ്പ നിലയ്ക്കലിലെ പ്രത്യേക ഹെലിപ്പാഡിൽ രാഷ്ട്രപതി ദ്രൗപതി മുർമു എത്തുമെന്നും അവിടെ നിന്ന് കാർ മാർഗ്ഗം പമ്പയിലേക്ക് എത്തുമെന്നും തുടർന്ന് വിശ്രമിച്ച ശേഷം സന്നിധാനത്തേക്ക് പോകുമെന്നും ദർശനം കഴിഞ്ഞ് മൂന്നുമണിയോടെ തിരിച്ചുപോകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് എൻ.എസ്.ജി പ്രോട്ടോകോൾ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശബരിമലയിൽ ഒരുക്കിയിട്ടുണ്ട്.