തൃശ്ശൂരിലെ വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ ഒരേ സമയം കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ വനംവകുപ്പിന്റെ ദ്രുതകർമ്മസേന (ആർ.ആർ.ടി) സ്ഥലത്തെത്തി. മുളളൂർക്കര പഞ്ചായത്തിലെ ആറ്റൂർ നായടി ഉന്നതിയിലും കൂക്കാരിക്കുന്നിലും വടക്കാഞ്ചേരി അഗമലയിലെ കുഴിയോടുമാണ് ഇന്നലെ രാത്രിയിൽ കാട്ടാനകൾ ഒരേ സമയം ഇറങ്ങിയത്.
അധികം സമയവ്യത്യാസമില്ലാതെ മൂന്നിടത്തും ആനകളെത്തിയതിനാൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആർ.ആർ.ടിക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഒടുവിൽ ആർ.ആർ.ടി സംഘം പടക്കം പൊട്ടിച്ച് ആനകളെ കാടുകയറ്റുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടർച്ചയായി ആനകൾ നാട്ടിലിറങ്ങുന്നത് നാട്ടുകാരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.