ഇടുക്കി മൂന്നാർ മേഖലയിൽ മതപ്പാടിലുള്ള (musth) കാട്ടാന 'പടയപ്പ' ജനവാസ കേന്ദ്രങ്ങളിൽ ഭീതി പടർത്തുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാർ മേഖലയിൽ തമ്പടിച്ചിരിക്കുന്ന പടയപ്പ, തോട്ടം തൊഴിലാളികൾക്കും വ്യാപാരികൾക്കും കനത്ത നാശനഷ്ടമാണ് വരുത്തുന്നത്.
കഴിഞ്ഞ ദിവസം ചൊക്കനാട് എസ്റ്റേറ്റിൽ എത്തിയ പടയപ്പ അവിടെ ജോലി ചെയ്തിരുന്ന തോട്ടം തൊഴിലാളികൾക്ക് നേരെ തിരിഞ്ഞത് വലിയ പരിഭ്രാന്തിക്ക് ഇടയാക്കി. ആനയുടെ മുന്നിൽപ്പെട്ട തൊഴിലാളികൾ ഭയന്നോടിയാണ് ജീവൻ രക്ഷിച്ചത്. എസ്റ്റേറ്റ് മേഖലയ്ക്ക് പുറമെ ലോക്കാട് ഭാഗത്തിറങ്ങിയ ആന വഴിയോരക്കടകൾ തകർത്ത് വൻ നാശനഷ്ടം വരുത്തി. കഴിഞ്ഞ രണ്ടാഴ്ച മുൻപ് മാത്രം അറ്റകുറ്റപ്പണികൾ നടത്തി തുറന്ന കടകളാണ് പടയപ്പ വീണ്ടും തകർത്തത്. വനംവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള നഷ്ടപരിഹാരമോ സഹായമോ ലഭിക്കുന്നില്ലെന്ന് കടയുടമകൾ പരാതിപ്പെടുന്നു. നിത്യവൃത്തിക്കും മക്കളുടെ പഠനത്തിനുമായി കണ്ടെത്തുന്ന വരുമാനമാണ് ഇത്തരത്തിൽ ഇല്ലാതാകുന്നതെന്നും ഇവർ പറഞ്ഞു.
പടയപ്പയെ കൂടാതെ മറ്റ് മൂന്നോളം കാട്ടുകൊമ്പന്മാരും ഇപ്പോൾ മൂന്നാർ മേഖലയിൽ മതപ്പാടിലാണെന്നാണ് വനവകുപ്പ് നൽകുന്ന വിവരം. കഴിഞ്ഞ വർഷവും മതപ്പാട് സമയത്ത് പടയപ്പ ആക്രമണ സ്വഭാവം പുറത്തെടുത്തിരുന്നു. നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീമും (RRT) ആനയെ നിരീക്ഷിച്ചു വരികയാണ്. വിനോദസഞ്ചാരികളും പ്രദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.