Share this Article
News Malayalam 24x7
മുഖത്ത് കടിയേറ്റു, വാക്‌സിനെടുത്തിട്ടും രക്ഷിക്കാനായില്ല; പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു
വെബ് ടീം
posted on 04-10-2025
1 min read
rabies

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാര്‍ക്കുന്നില്‍ കൃഷ്ണമ്മയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സെപ്റ്റംബര്‍ നാലാംതീയതി ഉത്രാടം നാളിലാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്.

ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കൃഷ്ണമ്മയെ തെരുവുനായ ആക്രമിച്ചത്. മുഖത്ത് ചുണ്ടിലും കണ്ണിന് സമീപത്തായും കടിയേറ്റു. ഉടന്‍തന്നെ ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്‍കി. അവിടെനിന്ന് പേവിഷ ബാധയ്ക്കുള്ള വാക്‌സിനും സ്വീകരിച്ചു. എന്നാല്‍, സെപ്റ്റംബര്‍ 21-ാം തീയതി കൃഷ്ണമ്മയ്ക്ക് പനിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 24-ന് വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏതാനുംദിവസം മുന്‍പ് ആരോഗ്യനില വഷളായി. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഞായറാഴ്ച.അതേസമയം, വീട്ടമ്മയെ കടിച്ച അതേ നായ സംഭവദിവസം മറ്റുചിലരെയും കടിച്ചിരുന്നു. നായയെ പിന്നീട് മറ്റൊരിടത്ത് ചത്തനിലയില്‍ കണ്ടെത്തി. കടിയേറ്റവരെ കണ്ടെത്താനായി ആരോഗ്യവകുപ്പ് അന്വേഷണം നടത്തിവരികയാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories