വാളയാർ അട്ടപ്പള്ളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഛത്തീസ്ഗഡ് ബിലാസ്പൂർ സ്വദേശിയായ രാംനാരായണനെ (42) ആണ് ഒരു സംഘം ആളുകൾ ചേർന്ന് ക്രൂരമായി തല്ലിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് അട്ടപ്പള്ളം സ്വദേശികളായ അഞ്ചുപേരെ വാളയാർ പോലീസ് അറസ്റ്റ് ചെയ്തു.
രാംനാരായണന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അതീവ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. തല മുതൽ കാൽ വരെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40-ഓളം മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. വടികൊണ്ടുള്ള അടിയേറ്റതിനും നിലത്തിട്ട് വലിച്ചിഴച്ചതിനും തെളിവുകളുണ്ട്. മണിക്കൂറുകളോളം നീണ്ട അതിക്രൂരമായ മർദ്ദനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കഞ്ചിക്കോട് കിൻഫ്രയിൽ ജോലി തേടിയാണ് രാംനാരായണൻ ഒരാഴ്ച മുൻപ് കേരളത്തിലെത്തിയത്. പ്രദേശം സുപരിചിതമല്ലാത്തതിനാൽ വഴിതെറ്റി അട്ടപ്പള്ളത്ത് എത്തിയ ഇയാളെ കള്ളനാണെന്ന് ആരോപിച്ചാണ് 15 പേരടങ്ങുന്ന സംഘം ആക്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മർദ്ദനത്തെ തുടർന്ന് അവശനായ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, ആനന്ദൻ, വിപിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മർദ്ദിച്ച സംഘത്തിൽ ഉൾപ്പെട്ട മറ്റ് പത്തുപേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
മൂന്ന് വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് രാംനാരായണൻ മാനസികമായ ചില പ്രയാസങ്ങൾ അനുഭവിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാൽ ഇയാൾക്കെതിരെ ഇതുവരെ ക്രിമിനൽ കേസുകളോ മറ്റ് ദുസ്സ്വഭാവങ്ങളോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. വഴിതെറ്റിയെത്തിയ ഒരു പാവപ്പെട്ട തൊഴിലാളിയെ കള്ളനാണെന്ന് ആരോപിച്ച് നിയമം കയ്യിലെടുത്ത് തല്ലിക്കൊന്ന സംഭവം കേരളത്തിന് തന്നെ നാണക്കേടായിരിക്കുകയാണ്.