തൃശൂര്‍ മുസിരിസ് ആക്ടിവിറ്റി സെന്ററിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. വൈദ്യുതി ബില്ലടയ്ക്കാത്തതിനാലാണ് കെഎസ്ഇബിയുടെ നടപടി.
മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂരിലെ ചേരമാന്‍ പറമ്പില്‍ നിര്‍മ്മിച്ച ആക്ടിവിറ്റി സെന്ററിന്റെ പ്രവര്‍ത്തനമാണ് ഇരുട്ടിലായത്. കഴിഞ്ഞാഴ്ചയാണ് വൈദ്യുതി ബില്ലടയ്ക്കാത്തതിന്റെ പേരില്‍ കെ.എസ്.ഇ.ബി. ഫ്യൂസ് ഊരിയത്.
മുസിരിസ് പൈതൃക പദ്ധതിക്ക് കീഴില്‍ നടത്തുന്ന ഉദ്ഖനനത്തിലൂടെയും മറ്റും ലഭിക്കുന്ന പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിനായാണ് പതിനൊന്ന് വര്‍ഷം മുന്‍പ് ആക്ടിവിറ്റി സെന്റര്‍ നിര്‍മ്മിച്ചത്. തുടക്കത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും ഇപ്പോള്‍ സെന്റര്‍ കാഴ്ച വസ്തുമാത്രമാണ്.
കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്നത് ഒഴിവാക്കി പൊതു സമൂഹത്തിന് ഉപകരിക്കുന്ന വിധത്തില്‍ വിനിയോഗിക്കണമെന്ന് നഗരസഭാ കൗണ്‍സിലര്‍ വി.എം ജോണി ആവശ്യപ്പെട്ടു.