കൊച്ചി ഉദയംപേരൂരില്‍ വഴിയരികില്‍ ഡോക്ടര്‍മാരുടെ മാതൃകാപൂര്‍വമായ ഇടപെടലിലൂടെ അടിയന്തിര ചികില്‍സ ലഭിച്ച ലിനു ഒടുവില്‍ മരണത്തിന് കീഴടങ്ങി. വഴിയാത്രക്കാരായ ഡോക്ടര്‍മാരാണ് അപകടത്തില്‍ പരുക്കേറ്റ ലിനുവിന് റോഡരികില്‍ ചികില്‍സ നല്‍കിയത്. പിന്നീട് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ലിനു. കൊല്ലം സ്വദേശിയാണ്.
കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യുന്ന സമയത്താണ് കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദയശസ്ത്രക്രിയ വിഭാഗം അസി.പ്രൊഫസറായ ഡോക്ടര്‍ മനൂപ് അപകടത്തില്‍പ്പെട്ടവരെ കാണുന്നത്. മൂന്നുപേര്‍ റോഡില്‍ കിടക്കുന്നതുകണ്ട് ഉടന്‍ തന്നെ വണ്ടിനിര്‍ത്തി പുറത്തിറങ്ങി. തീര്‍ത്തും അപ്രതീക്ഷിതമായി അതേസമയം ഡോ. തോമസ് പീറ്ററും അദ്ദേഹത്തിന്റെ ഭാര്യ ഡോ. ദിദിയയും ആ വഴിയെത്തുകയായിരുന്നു.വിദഗ്ധചികില്‍സ നല്‍കുന്നതിനുള്ള സാഹചര്യം കുറവായിരുന്നുവെങ്കിലും ഗുരുതരമായി പരുക്കേറ്റ ലിനുവിന് അവിടെവച്ചു തന്നെ ചികില്‍സ നല്‍കിയില്ലെങ്കില്‍ രക്ഷപ്പെടില്ലെന്ന ബോധ്യത്തിലാണ് ഉടന്‍ ശസ്ത്രക്രിയ നടത്തിയത്. ഇതിനകം ഉദയംപേരൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. അവരുടെ കൂടി പിന്തുണയോടെയാണ് ശസ്ത്രക്രിയ നടത്തിയത്.
പൊലീസ് നല്‍കിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ രണ്ട് മൂന്ന് സെന്റിമീറ്റര്‍ മുറിവുണ്ടാക്കിയായിരുന്നു ശസ്ത്രക്രിയ. സര്‍ജിക്കല്‍ ക്രീക്കോതൈറോയ്ട്ടോമി എന്ന പ്രൊസീജറിലൂടെ ശ്വാസനാളത്തിലേക്ക് ട്യൂബിട്ടു. ആദ്യം പേപ്പര്‍ സ്ട്രോയും പിന്നാലെ പ്ലാസ്റ്റിക് സ്ട്രോയും ഉപയോഗിച്ചു. പിന്നാലെ എത്തിയ ആംബുലന്‍സില്‍ ലിനുവിനെയടക്കം മൂന്നുപേരെയും ആംബുലന്‍സില്‍ എത്തിക്കുകയായിരുന്നു.