തൃശൂർ: മുഖംമൂടി ധരിപ്പിച്ച് കെ.എസ്.യു പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കിയ പൊലീസിന് നേരെ ഭീഷണി മുഴക്കി കെ.എസ്.യു നേതാവ്. വടക്കാഞ്ചേരി എസ്.എച്ച്.ഒ. ഷാജഹാന്‍ കാക്കി ഊരി പുറത്തിറങ്ങിയാല്‍ കാല് തല്ലിയൊടിക്കുമെന്ന് കെ.എസ്.യു. തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് ഗോകുല്‍ ഗുരുവായൂര്‍. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിനിടെ ആയിരുന്നു ഗോകുലിന്‍റെ വെല്ലുവിളി.
ഗോകുലിന്റെ പ്രസംഗത്തിൽ നിന്ന്:
'നീ എന്നെങ്കിലും ആ കാക്കി ഊരിയാല്‍, പൊന്നുമോനെ ഷാജഹാനേ നീ പുറത്ത് ഇറങ്ങിക്കഴിഞ്ഞാല്‍ നിന്‍റെ മുട്ടുകാല്‍ കെ.എസ്.യു കമ്മിറ്റി അടിച്ചൊടിക്കും എന്ന് പറയാനാണ് ഈ വേദി ഉപയോഗിക്കുന്നത്. ഇനി പിണറായി വിജയന്‍ വന്ന് നിന്നാലും നിന്നെ പണിയും. അതിന് ഇനി 90 അല്ല 200 അല്ല ജീവിതകാലം മുഴുവന്‍ ജയിലില്‍ അടക്കപ്പെട്ടാലും നിന്നെ ഞങ്ങള്‍ വിടില്ല. കെ.എസ്.യുവിന്‍റെ ജില്ലാ വൈസ് പ്രസിഡന്‍റിനെയാണ് നീ ഇത്തരത്തില്‍ അപമാനിച്ചത്',ചേലക്കരയിലെ കെ.എസ്.യു.-എസ്.എഫ്.ഐ. സംഘർഷത്തെ തുടർന്ന് തൃശൂർ കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂർ ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇൻസ്പെക്ടർ ഷാജഹാനെതിരെ കെ.എസ്.യു. മാർച്ച് നടത്തിയിരുന്നു. ഇതിന് പ്രതികാരമെന്നോണം ഭീകരവാദികളെ കൊണ്ടുപോകുന്നതുപോലെ മുഖംമൂടി ധരിപ്പിച്ചാണ് പൊലീസ് ഇവരെ കോടതിയിലെത്തിച്ചത്. കോടതിയിൽ നിന്ന് പുറത്തിറക്കിയപ്പോഴും മുഖംമൂടി ഊരിമാറ്റാൻ പൊലീസ് തയ്യാറായില്ല. കെഎസ്‌യു പ്രവർത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയതില്‍ പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.