സാമ്പത്തിക തർക്കത്തെ തുടർന്ന് തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ കൂടി അറസ്റ്റിൽ. തൃശൂർ സ്വദേശികളായ സിജോ ജോയി (ഒല്ലൂർ ക്രിസ്റ്റഫർ നഗർ), ഡിക്സൺ വിൻസെന്റ് (അയ്യന്തോൾ), തോംസൺ സണ്ണി (കുറ്റുമുക്ക്), എഡ്വിൻ ബാബു (ചേലക്കോട്ടുകര) എന്നിവരാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 20-ാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് കാറുകളിലെത്തിയ അക്രമിസംഘം വടിവാൾ അടക്കമുള്ള മാരകായുധങ്ങളുമായി സുനിലിനെയും ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു. സാമ്പത്തിക തർക്കമാണ് കൊലപാതകശ്രമത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായവരിൽ സിജോ ജോയിയാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് ഒരു ക്വട്ടേഷൻ ആക്രമണമായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.