കോട്ടയം: ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്‌ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി വഴിപാട് നടത്തി രാഹുൽ മാങ്കൂട്ടത്തിൽ. കേസുകളിലും കോടതി വ്യവഹരങ്ങളിലും പെടുന്നവർ രക്ഷ തേടി പ്രാർഥിക്കാൻ എത്താറുള്ള ക്ഷേത്രമാണ് ഇത്. മുൻപ് നടൻ ദിലീപടക്കം ഈ ക്ഷേത്രത്തിലെത്തി വഴിപാട് നടത്തിയിരുന്നു.മുൻ മന്ത്രി ബാലകൃഷ്ണ പിള്ള, ക്രിക്കറ്റർ ശ്രീശാന്ത് അടക്കം ഇവിടെ എത്തിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വൈകിട്ടാണ് ക്ഷേത്രത്തിൽ എത്തിയത്. ജുഡീഷ്യറി കാര്യങ്ങൾക്കായി പ്രാർഥിക്കുന്ന 'ജഡ്ജി അമ്മാവൻ' എന്ന ഉപദേവതയും ചെറുവള്ളി ദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠ ഉണ്ടെന്നാണ് വിശ്വാസം. വാദിയാണെങ്കിലും പ്രതിയാണെങ്കിലും നീതിയുടെ ഭാഗത്തു നില്‍ക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ജഡ്ജി അമ്മാവനെ കാണാൻ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഈ ക്ഷേത്രത്തിലെത്തും. ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ അനുകൂല വിധി ഉണ്ടാകുമെന്നാണ് വിശ്വാസം.നടിയെ ആക്രമിച്ച കേസിൽ പ്രതിയായിരിക്കെ നടൻ ദിലീപ് ഇവിടെ എത്തി വഴിപാട് നടത്തിയിരുന്നു. ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത് എന്നതാണ് ശ്രദ്ധേയം.