നെടുവത്തൂരിൽ കിണറ്റിൽ അകപ്പെട്ട യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. 36 വയസ്സുകാരനായ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥൻ സോണി, 33 വയസ്സുകാരിയായ അർച്ചന, അർച്ചനയുടെ സുഹൃത്ത് 22 വയസ്സുകാരനായ ശിവകൃഷ്ണൻ എന്നിവരാണ് മരിച്ചത്.
പുലർച്ചെ 12 മണിയോടെയാണ് സംഭവം. അർച്ചന കിണറ്റിൽ ചാടിയതായി മക്കൾ ഫയർഫോഴ്‌സിനെ അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനിടെ സോണി എന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കയറിൽ കെട്ടി കിണറ്റിലിറങ്ങുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞുവീണു. സമീപത്തുണ്ടായിരുന്ന അർച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണനും സോണിയും കിണറ്റിലേക്ക് വീഴുകയായിരുന്നു.
കഴിഞ്ഞ രണ്ട് മാസമായി ശിവകൃഷ്ണൻ അർച്ചനയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് അർച്ചന കിണറ്റിൽ ചാടിയതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുമ്പേ മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാലപ്പഴക്കമുള്ള കിണറായതുകൊണ്ട് മഴവെള്ളം ഇറങ്ങിയത് ബലക്ഷയത്തിന് കാരണമായെന്നും ഇത് കൈവരി ഇടിഞ്ഞുവീഴാൻ ഇടയാക്കിയെന്നുമാണ് ഉദ്യോഗസ്ഥരും നാട്ടുകാരും വ്യക്തമാക്കുന്നത്.