Share this Article
News Malayalam 24x7
തേക്കടി ബോട്ടപകടം; 15 വര്‍ഷത്തിന് ശേഷം കേസില്‍ വിചാരണ ഇന്ന്
Thekkady Boat Disaster

ഒന്നര പതിറ്റാണ്ടിനിപ്പുറം തേക്കടി ദുരന്തം കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ബോട്ട് ദുരന്തമായ തേക്കടി ബോട്ടപകടം നടന്ന് 15 വര്‍ഷം പിന്നിടുമ്പോഴാണ് കേസിന്‍റെ വിചാരണ ആരംഭിക്കുന്നത്.

2009 സെപ്റ്റംബര്‍ 30നായിരുന്നു കെടിഡിസിയുടെ ഇരുനില ബോട്ടായ ജലകന്യക മുങ്ങി 23 വനിതകളടക്കം 45 പേര്‍ മരിച്ച തേക്കടി ദുരന്തമുണ്ടായത്. മരിച്ചവരെല്ലാം 50 വയസില്‍ താഴെയുള്ളവരായിരുന്നു. ഇതില്‍ ഏഴിനും 14നും ഇടയില്‍ പ്രായമുള്ള 13 കുട്ടികളുണ്ടായിരുന്നു.

ബോട്ടില്‍ 82 വിനോദ സഞ്ചാരികളാണ് ഉല്ലാസയാത്ര നടത്തിയത്. ബോട്ട് ലാന്‍ഡിംഗില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലയായിരുന്നു അപകടം. നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ക്കൊപ്പം കുമളിയിലെ ടാക്‌സി ഡ്രൈവര്‍മാരും ജനങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

നാട്ടുകാരാണ് 26 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നേവിയുടെ സഹായത്തിലാണ് മറ്റ് ശവശരീരങ്ങള്‍ കണ്ടത്തിയത്. മരണപ്പെട്ടവരിലേറെയും തമിഴ്‌നാട്, ബംഗളൂരു, ആന്ധ്രാപ്രദേശ്, ഹൈദരാബാദ്, മുംബൈ, ഹരിയാന, ദില്ലി, കല്‍ക്കട്ട എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു.

സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകിയതിനാലാണ് കുറ്റപത്രം സമര്‍പ്പിച്ച് അഞ്ച് വര്‍ഷമായിട്ടും കേസില്‍ വിചാരണ ആരംഭിക്കാത്തതിരുന്നത്. ദുരന്തമുണ്ടായ 2009ല്‍ തന്നെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ഹൈക്കോടതി അഭിഭാഷകനെ നിയമിച്ചിച്ചിരുന്നെങ്കിലും ഇദ്ദേഹം സ്ഥാനമൊഴിഞ്ഞു.

പിന്നീട് സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറും 2021ല്‍ രാജിവച്ചു. പകരം പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ അന്ന് കേസ് പരിഗണിച്ച തൊടുപുഴ ഫാസ്റ്റ്ട്രാക്ക് കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് 2022ല്‍ അഡ്വ. ഇ എ റഹീമിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു.  

മുമ്പ് ഐജിയായിരുന്ന ശ്രീലേഖയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്പി പി എ. വത്സനായിരുന്നു ആദ്യം കേസിന്റെ അന്വേഷണ ചുമതല. ബോട്ടിലെ ഡ്രൈവര്‍, ലാസ്‌കര്‍, ബോട്ട് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ക്രൈംബ്രാഞ്ച് നല്‍കിയ ആദ്യ കുറ്റപത്രം കോടതി തള്ളി. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം തുടരന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു ഏറ്റെടുത്തതോടെയാണ് കേസില്‍ പുരോഗതിയുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories