പയ്യന്നൂരിൽ പൊലീസ് വാഹനത്തിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അടക്കം രണ്ട് സിപിഎം പ്രവർത്തകർക്ക് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. സിപിഎം പ്രവർത്തകരായ ടി.സി.വി നന്ദകുമാർ, വി.കെ നിഷാദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
ഇതിൽ വി.കെ നിഷാദ് നിലവിൽ പയ്യന്നൂർ നഗരസഭയിലെ വെള്ളൂർ മൊട്ടമ്മൽ വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. 2012-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരിയിൽ ഷുക്കൂർ വധക്കേസിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് പൊലീസ് വാഹനത്തിന് നേരെ ഇവർ ബോംബെറിഞ്ഞത്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥി ശിക്ഷിക്കപ്പെട്ടത് എൽഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ മത്സരിക്കുന്നതിന് തടസ്സമില്ലെങ്കിലും, തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിഷാദിന് സ്ഥാനം രാജിവെക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.