കണ്ണൂർ: ശ്രീകണ്ഠപുരം പള്ളി ഗ്രൗണ്ടിന് സമീപം യുവാവിനെ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശ് സ്വദേശി നയിം സല്‍മാനിയെ (49) മരിച്ച നിലയില്‍ കാണപ്പെട്ടത്. ചേപ്പറമ്പിലെ ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരനാണ് നയിം.
കടയില്‍ തലേദിവസം രാത്രി സംഘര്‍ഷം നടന്നതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.രാത്രി അഞ്ചംഗ സംഘം നയിമിനെ കടയില്‍വെച്ചും താമസസ്ഥലത്തുവെച്ചും ആക്രമിച്ചതായി കാണിച്ച് കടയുടമ ജോണി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫേഷ്യല്‍ ചെയ്തതിന്റെ ഫീസുമായി ബന്ധപ്പെട്ടായിരുന്നു മര്‍ദനം. 300 രൂപയാണ് ഫേഷ്യലിന് ഫീസായി നയിം ആവശ്യപ്പെട്ടത്. സംഘം 250 രൂപ മാത്രമേ നല്‍കിയിരുന്നുള്ളൂ. ഇത് ചോദ്യംചെയ്തതിന്റെ വിരോധത്തിലാണത്രെ കടയില്‍ വെച്ചും പിന്നീട് താമസസ്ഥലത്തെത്തിയും നയിമിനെ അഞ്ചംഗസംഘം ആക്രമിച്ചത്.കടയുടമയുടെ ബൈക്കും സംഘം തകര്‍ത്തതായി പരാതിയിലുണ്ട്.
ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് ഇവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് യുവാവിന്റെ മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.