നഗരത്തെ ആശങ്കയിലാഴ്ത്തി തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള സംഭരണി തകർന്നു. പുലർച്ചെ രണ്ടു മണിയോടെയുണ്ടായ അപകടത്തിൽ 1.38 കോടി ലിറ്റർ ശേഷിയുള്ള ടാങ്കിന്റെ ഭിത്തിയിടിഞ്ഞ് സമീപത്തെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. സംഭവത്തെ തുടർന്ന് നഗരത്തിലെ 30% പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ആളപായമില്ലെങ്കിലും നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു.
40 വർഷത്തിലേറെ പഴക്കമുള്ള ടാങ്കിന്റെ ഒരു ഭാഗമാണ് പുലർച്ചെയോടെ വൻ ശബ്ദത്തോടെ തകർന്നുവീണത്. മഴ പെയ്യുകയാണെന്ന് കരുതി പുറത്തിറങ്ങിയ നാട്ടുകാർ കാണുന്നത് പ്രളയസമാനമായ സാഹചര്യമാണ്. ടാങ്കിൽ നിന്നുള്ള വെള്ളം കുത്തൊഴുക്കോടെ സമീപത്തെ വീടുകളിലേക്കും റോഡിലേക്കും ഇരച്ചുകയറുകയായിരുന്നു.
ഒഴുക്കിന്റെ ശക്തിയിൽ നിരവധി വീടുകളുടെ മതിൽ തകർന്നു. വീടുകൾക്കുള്ളിൽ വെള്ളവും ചെളിയും നിറഞ്ഞു. വീട്ടുപകരണങ്ങൾക്കും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു വലിയ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവസ്ഥലം ജില്ലാ കളക്ടർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രശ്നം അടിയന്തരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലം സന്ദർശിക്കുകയും തുടർനടപടികൾ തീരുമാനിക്കാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്യും. നിലവിൽ നാട്ടുകാരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ടാങ്കിന്റെ കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ അഭാവവുമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.